scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


മധുരമെന്‍ മലയാളം





#മധുരമെൻമലയാളം

പാഠം - 8

#ഭേദകം

പ്രിയമുള്ളവരേ.,
വാചക ശബ്ദങ്ങളിൽ നാമവും ക്രീയയും നമ്മൾ പഠിച്ചല്ലോ.. ഇനിയുള്ളതാണ് ഭേദകം.
ഭേദകം എന്നാൽ വിശേഷണം എന്ന് ഏറ്റവും ലളിതമായി പറയാം.
ഭേദകത്തിന് വിശേഷ്യം, വിശേഷണം എന്നിങ്ങനെ രണ്ട് ഘടകങ്ങളുണ്ട്.

* എന്തിനെ വിശേഷിപ്പിക്കുന്നുവോ അത് വിശേഷ്യം

* എന്ത്കൊണ്ട് വിശേഷിപ്പിക്കുന്നുവോ അതാണ് വിശേഷണം.

ഉദാ: വെളുത്ത കുട്ടി

കുട്ടിയെയാണ് വിശേഷിപ്പിച്ചിരിക്കുന്നത് അതിനാൽ വിശേഷ്യം കുട്ടി യും വെളുത്ത എന്ന പദം കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നതിനാൽ വിശേഷണം വെളുത്ത എന്ന പദവുമാണ്.

ഭേദകം മൂന്ന് തരത്തിലുണ്ട്.

1. നാമ വിശേഷണം
2. ക്രീയാ വിശേഷണം
3. ഭേദക വിശേഷണം അഥവാ വിശേഷണ വിശേഷം.

നാമ വിശേഷണം - നാമത്തെയോ സർവ്വനാമത്തേയോ വിശേഷിപ്പിക്കുന്നത് നാമ വിശേഷണം.

ഉദാ: മധുരമുള്ള പഴം , കറുത്ത പശു

ക്രിയാ വിശേഷണം - ക്രിയയെ വിശേഷിപ്പിക്കുന്ന പദം

ഉദാ: മധുരമായി പാടി, ഉയരത്തിൽ പറന്നു, ആഞ്ഞ് അടിച്ചു

വിശേഷണ വിശേഷം - വിശേഷണത്തെ വിശേഷിപ്പിക്കുന്നത്.

ഉദാ: വളരെ ഉയരത്തിൽ പറന്നു, വളരെ നല്ല കാര്യം, വളരെ ചെറിയ ശബ്ദം

ഇവിടെ നോക്കു..

ഉയരത്തിൽ എന്ന വിശേഷണത്തെ 'വളരെ ' എന്ന വാക്ക് കൊണ്ട് വീണ്ടും വിശേഷിപ്പിച്ചിരിക്കുന്നു.

ഭേദകത്തിന് 7 പിരിവുകൾ ഉണ്ടെങ്കിലും അത് നമുക്ക് പിന്നീട് പഠിക്കാം..
============





പാഠം - 7 part 2

#വിനയെച്ചം 

പ്രിയമുള്ളവരേ,

ഇനി വിനയെച്ചത്തെ അറിയാം...

പേരെച്ചം നാമത്തോട് ചേർന്ന് നിൽക്കുന്ന ക്രിയാ ശബ്ദമാണെങ്കിൽ വിനയെച്ചം ക്രിയയെ വിശേഷിപ്പിക്കുന്ന പറ്റുവിനകളാണ്. അതായത് ഒരു പൂർണ്ണ ക്രീയയോട് ചേർന്ന് വരുന്ന അപൂർണ്ണ ക്രീയകളാണിത്.

കാലം, പ്രകാരം, രൂപം എന്നിവ അനുസരിച്ച് വിനയെച്ചത്തെ 5 ആയി തിരിക്കുന്നു.

1. മുൻവിനയെച്ചം
2.പിൻവിനയെച്ചം
3. തൻവിനയെച്ചം
4.നടുവിനയെച്ചം
5.പാക്ഷികവിനയെച്ചം

മുൻവിനയെച്ചം
===============

പൂര്‍ണ്ണ ക്രീയക്ക്‌ മുന്‍പ് വരുന്ന അപൂര്‍ണ്ണ ക്രീയയാണ് മുന്‍ വിനയെച്ചം .

ചാടിക്കയറി - കയറി എന്ന പൂര്‍ണ്ണ ക്രീയക്ക്‌ മുന്നില്‍ വന്ന അപൂര്‍ണ്ണ ക്രീയ യായ " ചാടി " എന്നതാണ് മുന്‍ വിനയെച്ചം

പോയിപ്പറഞ്ഞു - പറഞ്ഞു എന്ന പൂര്‍ണ്ണ ക്രീയക്ക്‌ മുന്നില്‍ വന്ന അപൂര്‍ണ്ണ ക്രീയ യായ " പോയി " എന്നതാണ് മുന്‍ വിനയെച്ചം

പിൻവിനയെച്ചം
===============

പൂര്‍ണ്ണ ക്രീയയായ പ്രവര്‍ത്തി കഴിഞ്ഞു നടക്കുന്ന മറ്റൊരു ക്രീയയാണ് പിന്‍ വിനയെച്ചം . പിന്നീട് നടക്കുന്ന ക്രീയ എന്ന് ഓര്‍ത്തു വെക്കാം... പിന്‍ വിനയെച്ചം ഭാവിയെ സൂചിപ്പിക്കുന്നു

ഉദാ :

പാടാന്‍ പറഞ്ഞു - പൂര്‍ണ്ണ ക്രീയയായ പറഞ്ഞു എന്ന ക്രീയക്ക്‌ ശേഷമാണ് പാടുക എന്ന ക്രീയ സംഭവിക്കുക.

കാണാന്‍ പറഞ്ഞു

ഓടാന്‍ പോയി

തന്‍ വിനയെച്ചം
===============

പൂര്‍ണ്ണ ക്രീയയും അപൂര്‍ണ്ണ ക്രീയയും ഒന്നിച്ചു സംഭവിച്ചാല്‍ അതിലെ അപൂര്‍ണ്ണ ക്രീയയാണ് തന്‍ വിനയെച്ചം

പോകവേ കണ്ടു .
പറയവേ കേട്ടു.

മനസ്സിലായല്ലോ... രണ്ടു ക്രീയയും ഒരേ സമയത്ത് ആണ് നടക്കുന്നത് . അതില്‍ അപൂര്‍ണ്ണ ക്രീയകളായി വന്ന പോകവേ , പറയവേ ഇതൊക്കെയാണ് തന്‍ വിനയെച്ചം

നടുവിനയെച്ചം
===============

കേവലമായ ക്രീയാ രൂപത്തെ കാണിക്കുന്നു. ക്രിയയുടെ ശുദ്ധമായ രൂപത്തെ കാണിക്കുന്നു.

ഉദാ : വരികവേണം , ചെയ്യുകവേണം

ഇതിലെ വരിക , ചെയ്യുക തുടങ്ങിയ ക്രിയയുടെ ശുദ്ധമായ രൂപമാണ് നടുവിനയെച്ചം

പാക്ഷിക വിനയെച്ചം
====================

പൂര്‍ണ്ണ ക്രീയ നടക്കണമെങ്കില്‍ നടക്കേണ്ട അപൂര്‍ണ്ണ ക്രീയയാണ് പാക്ഷിക വിനയെച്ചം .

ഒരു ക്രീയ ഇങ്ങനെ നടന്നാല്‍ മറ്റൊരു ക്രീയ സംഭവിക്കും എന്ന് സൂചിപ്പിക്കുന്നതാണ് പാക്ഷിക വിനയെച്ചം .

വന്നാല്‍
ഇരുക്കില്‍
ഇരിക്കുകില്‍
പഠിക്കുകില്‍
ചെയ്യുകില്‍
പറഞ്ഞെങ്കില്‍
പോയെങ്കില്‍
വന്നെങ്കില്‍

തുടങ്ങിയവയെല്ലാം ഇതിനു ഉദാഹരണങ്ങള്‍ ആണ്...

എല്ലാവര്ക്കും മനസ്സിലായി എന്ന് കരുതുന്നു... 

==============



മധുരമെൻമലയാളം

പാഠം - 7

#പേരെച്ചെവും_വിനെയെച്ചവും

പ്രിയമുള്ളവരേ,
കഴിഞ്ഞ ക്ലാസ്സിന്റെ തുടർച്ചയായി ഇനി നമുക്ക് പഠിക്കാനുള്ളത് പേരെച്ചത്തെക്കുറിച്ചും വിനയെച്ചത്തെക്കുറിച്ചുമാണ് .

കഴിഞ്ഞ ക്ലാസിൽ പറഞ്ഞിരുന്നു മറ്റേതെങ്കിലും പദത്തിനൊപ്പം ചേർന്നു നിൽക്കുമ്പോൾ മാത്രം പൂർണ്ണാർത്ഥം ലഭിക്കുന്ന ക്രിയ പദമായ പറ്റുവിനയെ രണ്ടായി തിരിക്കുന്നതാണ് പേരെച്ചവും വിനയെച്ചവും.

ഇതിൽ പേരെച്ചം എന്നാൽ ഒരു പേരിനോട് ചേർന്ന് നിൽക്കുന്ന എച്ചം (എച്ചം എന്നാൽ ക്രിയ) .അതായത് ഒരു നാമത്തെ അല്ലെങ്കിൽ പേരിനെ വിശേഷിപ്പിക്കുന്ന പറ്റുവിനകളാണ് പേരെച്ചം.

" അ" അല്ലെങ്കിൽ ''ഒരു '' എന്ന പ്രത്യയം ഒരു പൂർണ്ണ ക്രീയയോട് ചേരുമ്പോൾ പേരെച്ച മുണ്ടാകുന്നു.

ഈ ഉദാഹരണങ്ങൾ നോക്കൂ...

പറക്കുന്ന പക്ഷി
പാടുന്ന കുയിൽ
ഒഴുകുന്ന പുഴ
ചാടുന്ന മാൻ
മുറിഞ്ഞൊരു മരം

ഇവിടെല്ലാം നോക്കൂ ക്രിയ നാമവിശേഷണമായി ,നാമത്തിന് കീഴ്പ്പെട്ടു നിൽക്കുന്നു.

പൂർണ്ണ ക്രിയകളോടൊപ്പം അ, ഒരു എന്നീ പ്രത്യയങ്ങൾ വന്നപ്പോൾ പേരെച്ചമായി മാറുന്നത് ശ്രദ്ധിക്കൂ...

പറക്കുന്നു + അ = പറക്കുന്ന
മുറിഞ്ഞു + ഒരു = മുറിഞ്ഞൊരു

മനസിലായല്ലോ ...? ഇതാണ് പേരെച്ചം ( പേരിന്റെ എച്ചം )

ഇനി വിനയെച്ചത്തെ അറിയാം...

പേരെച്ചം നാമത്തോട് ചേർന്ന് നിൽക്കുന്ന ക്രിയാ ശബ്ദമാണെങ്കിൽ വിനയെച്ചം ക്രിയയെ വിശേഷിപ്പിക്കുന്ന പാറ്റുവിനകളാണ്. അതായത് ഒരു പൂർണ്ണ ക്രീയയോട് ചേർന്ന് വരുന്ന അപൂർണ്ണ ക്രീയകളാണിത്.

കാലം, പ്രകാരം, രൂപം എന്നിവ അനുസരിച്ച് വിനയെച്ചത്തെ 5 ആയി തിരിക്കുന്നു.

1. മുൻവിനയെച്ചം
2.പിൻവിനയെച്ചം
3. തൻവിനയെച്ചം
4.നടുവിനയെച്ചം
5.പാക്ഷികവിനയെച്ചം

ഇവയെക്കുറിച്ച് വിശദമായി അടുത്ത ക്ലാസ്സിൽ പഠിക്കാം.

================




#മധുരമെൻ മലയാളം

പാഠം 6- മുറ്റുവിന - പറ്റു വിന 

പ്രിയമുള്ളവരേ , 

ഇന്ന് നമുക്ക് മറ്റൊരു ക്രീയാ വിഭാഗമായ മുറ്റുവിനയെയും പറ്റുവിനയേയും കുറിച്ചു പഠിക്കാം.
ക്രിയയുടെ പ്രാധാന്യം അനുസരിച്ചാണ് ഇങ്ങനെ ഒരു വിഭജനം.
മറ്റൊരു പദത്തിനും കീഴടങ്ങാതെ നില്‍ക്കുന്ന പ്രധാന ക്രീയയാണ് മുറ്റുവിന. പൂര്‍ണ്ണ മായ അര്‍ത്ഥം നല്‍കുന്ന ഈ ക്രിയകള്‍ പൂര്‍ണ്ണ ക്രീയ എന്നും അറിയപ്പെടുന്നു .

ഉദാ: പറയുന്നു, പോകുന്നു, വരുന്നു, ചെയ്യുന്നു മുതലായവ..

ഈ ഓരോ ക്രീയയും പൂർണ്ണമായ ആശയം നൽകുന്നുണ്ടല്ലോ...

ഇനി,
ഇതിന്റെ നേർ വിപരീതമായ ക്രീയാ ശബ്ദമാണ് പറ്റു വിന..
ഇതൊരു അപൂർണ്ണ ക്രീയയാണ്. അപ്രധാന ക്രിയ എന്നും പറയാറുണ്ട്.

മറ്റേതെങ്കിലും പദത്തോട് ' പറ്റി' നിൽക്കുമ്പോൾ മാത്രം അർത്ഥം പൂർണ്ണമാകുന്ന ക്രീയയാണിത്. അതിനാൽ ഇതിന് അപൂർണ്ണ ക്രീയ എന്നും പേരുണ്ട്.

ചില ഉദാഹരണങ്ങൾ നോക്കൂ..

ചെയ്യുന്ന, ചെയ്ത, പറഞ്ഞ, പറയുന്ന,കേട്ട ,കണ്ട,വന്ന, പോയ ... തുടങ്ങിയവ ഉദാഹരണങ്ങളാണ്.

'കണ്ട' കാര്യം,
'പറയുന്ന ' കേട്ടു
'ചെയ്ത ' ജോലി

ഇതൊക്കെ ശ്രദ്ധിക്കൂ

കണ്ട, പറയുന്ന, ചെയ്ത തുടങ്ങിയ ക്രിയകൾ തനിച്ച് നിൽക്കുമ്പോൾ അർത്ഥമില്ലാതിരിക്കുകയും മറ്റൊരു പദത്തോട് ചേർന്ന് നിന്നപ്പോൾ അർത്ഥപൂർണ്ണത വന്നതും ശ്രദ്ധിച്ചിരിക്കുമല്ലോ.

ഇനി പറ്റു വിനയെ പേരെച്ചമെന്നും വിനയെച്ചമെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. അത് അടുത്ത ക്ലാസിൽ ...

നന്ദി

=====================


#മധുരമെന്‍ മലയാളം   

പാഠം 5 -    കാരിതം - അകാരിതം 

ഏറ്റവും എളുപ്പത്തിൽ പറഞ്ഞാൽ കേവല ക്രീയയിൽ 'ക്കു ' എന്ന പ്രത്യയം ചേർന്ന് വരുന്നതാണ് കാരിത ക്രിയ. 

ഉദാ: കളിക്കുന്നു, പഠിക്കുന്നു ,കുളിക്കുന്നു.

'ക്കു ' ചേർക്കാതെ വരുന്ന കേവല ക്രീയയാണ് അകാരിത ക്രിയ 

ഉദാ: ചാടുന്നു, കാണുന്നു , പറയുന്നു 

യഥാർത്ഥത്തിൽ കേവല ക്രീയയുടെ രൂപം അനുസരിച്ചുള്ള ഒരു തരം തിരിവാണ് കാരിതവും അകാരിതവും.

മനസിലായെങ്കിൽ നിങ്ങൾക്കറിയാവുന്ന കാരിത അകാരിത ക്രീയകൾ കമന്റായി ചേർക്കൂ..         
                                    ===============                                          



#മധുരമെന്‍ മലയാളം 

പാഠം 4 - ക്രീയ 

പ്രിയമുള്ളവരേ, 
മലയാള വ്യാകരണത്തില്‍ നമ്മള്‍ ഇനി പഠിക്കുന്നത് ക്രിയ യെ കുറിച്ചാണ് .
നിങ്ങള്‍ക്കെല്ലാം അറിയാവുന്നത് പോലെ ഒരു പ്രവര്‍ത്തിയെ കുറിക്കുന്ന ശബ്ദം അല്ലെങ്കില്‍ വാക്കാണ്‌ ക്രീയ 

ഉദാ : കളിക്കുക , പഠിക്കുക, ഉറങ്ങുക മുതലായവ 

ക്രീയയെ പൊതുവില്‍ നാലായി തിരിക്കുന്നുണ്ട് 

1. സകര്‍മ്മകം - അകര്‍മ്മകം
2. കേവലം       - പ്രയോജകം 
3. കാരിതം       - അകാരിതം 
4. മുറ്റുവിന     - പറ്റുവിന 

ഇതില്‍ ആദ്യ രണ്ടെണ്ണത്തെക്കുറിച്ച് ഇന്ന് പഠിക്കാം . 

സകര്‍മ്മകം - അകര്‍മ്മകം
========================
ഒരു ക്രീയാ ശബ്ദത്തോട് " ആരെ ?" അല്ലെങ്കില്‍ " എന്തിനെ ?" എന്ന് ചോദിച്ചാല്‍ ഉത്തരം ലഭിക്കുന്നതാണെങ്കില്‍ ആ ക്രീയ സകര്‍മ്മകം . അതായത് ക്രിയയുടെ ഫലം അനുഭവിക്കുന്ന കര്‍മ്മം ഉള്ളത് സകര്‍മ്മകം . മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ക്രിയയുടെ ഫലം മറ്റൊരാള്‍ക്ക് ലഭിക്കുന്നതിനെ സകര്‍മ്മകം എന്ന് പറയാം .

ഈ ഉദാഹരണം നോക്കൂ... 

ഉദാ : അടിക്കുക , കൊല്ലുക , ഓടിക്കുക  മുതലായവ 

ഈ ക്രീയയോടു ആരെ എന്ന് ചോദിച്ചാല്‍ ഉറപ്പായും ഒരു ഉത്തരം ഉണ്ടാകുമല്ലോ... 
അടിക്കുക  എന്ന ക്രീയയോടു ആരെ അടിച്ചു എന്ന് ചോദിക്കാന്‍ കഴിയുമല്ലോ... 

ഇനി അകര്‍മ്മകം എന്താണെന്ന് നോക്കാം... അകര്‍മ്മകം എന്നാല്‍ കര്‍മ്മം ഇല്ലാത്തത് . അതായത് പ്രവര്‍ത്തി ചെയ്യുന്ന ആള്‍ക്ക് തന്നെ അതിന്‍റെ ഫലവും ലഭിക്കും . 

ഉദാഹരണം : പഠിക്കുക. ഉറങ്ങുക , ഓടുക  മുതലായവ 

ആരെ പഠിച്ചു ? ആരെ ഉറങ്ങി എന്ന് ഈ ക്രീയയോടു ചോദിക്കാറില്ലല്ലോ...

വ്യത്യാസം മനസ്സിലായെന്നു കരുതുന്നു.. 

കേവല ക്രീയ - പ്രയോജക ക്രീയ 
=============================

ബാഹ്യമായ പ്രേരണയോ പ്രചോദനമോ ഇല്ലാതെ ചെയ്യുന്ന ക്രീയകള്‍ ആണ് കേവല ക്രീയ . കര്‍ത്താവ് ( ക്രീയ ചെയ്യുന്ന ആള്‍ )  സ്വയം , സ്വന്തം ഇഷ്ട്ടത്താല്‍ ചെയ്യുന്ന ക്രീയ .

ഉദാ : കാണുക , എഴുതുക , ഓടുക 

മറ്റൊരാളിന്‍റെ പ്രേരണയാല്‍ ചെയ്യപ്പെടുന്ന ക്രീയയാണ് പ്രയോജക ക്രീയ . ക്രീയ കര്‍ത്താവ് ആണ് ചെയ്യുന്നതെങ്കിലും ആ ക്രീയ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ അത് മറ്റൊരാള്‍ ചെയ്യിക്കുന്നത് ആണെന്ന് നമുക്ക് മനസ്സിലാകും. 

ഉദാ : കാണിക്കുക, എഴുതിക്കുക , ഓടിക്കുക , കുളിപ്പിക്കുക 

എല്ലാവര്‍ക്കും മനസ്സിലായെന്നു കരുതുന്നു. 

ബാക്കി നാളെ.. നാളെയും മലയാളം ക്ലാസ് ഉണ്ടായിരിക്കും. 

നാളെ : കാരിതം - അകാരിതം,മുറ്റുവിന- പറ്റുവിന 
====================



നാമം - ഭാഗം 2
പ്രീയമുള്ളവരേ.,
ഇന്നലെ നിർത്തിയിടത്തു നിന്ന് തന്നെ ആരംഭിക്കാം.
നാമത്തെ മൂന്നായി തിരിക്കുന്നു എന്ന് പറഞ്ഞിരുന്നല്ലോ
1. ദ്രവ്യനാമം
2. ഗുണ നാമം
3. ക്രീയാനാമം
ദ്രവ്യ നാമം - ഏതെങ്കിലും ഒരു വസ്തുവിന്റെ (ദ്രവ്യത്തിന്റെ ) പേരാണ് ഇത്. ജീവനുള്ള തോ ഇല്ലാത്ത തോ ആയ എന്തുമാകാമിത്.
ഉദാ: പശു, കേശവൻ., കാട്, അവൾ, പുഴ ,പന്ത്, കേരളം
ഈ ദ്രവ്യനാമം വീണ്ടും നാലായി തിരിയുന്നുണ്ട് എന്നാണ് കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞത്.
അവ താഴെപ്പറയുന്നു.
1. സംജ്ഞാ നാമം - ഒരു വ്യക്തിയുടേയോ വസ്തുവിന്റെയോ സ്ഥലത്തിന്റെ പേരിനെ സൂചിപ്പിക്കുന്നു.
ഉദാ: ഇടുക്കി, അരുൺ, ഗംഗ, സബിത തുടങ്ങിയവ
2. സാമാന്യ നാമം - ഒരു ജാതിയേയോ വർഗ്ഗത്തെയോ വിഭാഗത്തേയോ പൊതുവായി പറയാൻ ഉപയോഗിക്കുന്നു.
ഉദാ: മനുഷ്യൻ, മൃഗം.,പക്ഷി, പർവ്വതം ,ഗ്രാമം ,പൂവ്
3. സർവ്വ നാമം - സർവ്വത്തിന്റെയും നാമം. പ്രയോഗ സൗകര്യത്തിനായി നാമത്തിന് പകരം ഉപയോഗിക്കുന്ന പദങ്ങളാണിത്.
ഉദാ: അവൻ, അവൾ, ഞാൻ, നീ, എന്റെ ,നിന്റെ
4. മേയ നാമം - ജാതി വ്യക്തി ഭേദം കൽപ്പിക്കുന്നതിന് കഴിയാത്ത പദങ്ങളുടെ നാമമാണ് മേയ നാമം
ഉദാ. : ആകാശം, മണ്ണ്, കാറ്റ്, ജലം, നിലാവ്, മഴ
ഒരു കാര്യം കൂടി പറഞ്ഞ് ഇന്നത്തെ ക്ലാസ് അവസാനിപ്പിക്കാം..
സർവ്വനാമം 3 ആയി തിരിയുന്നുണ്ട്. ആര് ആരോട് എന്തിനെപ്പറ്റി സംസാരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇത്.
1. ഉത്തമപുരുഷ സർവ്വ നാമം - സംസാരിക്കുന്ന ആൾ തന്നെ തന്നെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നാമം
ഉദാ: ഞാൻ., ഞങ്ങൾ, നമ്മൾ, നാം
2 . മധ്യമ പുരുഷ സർവ്വ നാമം - ആരോടാണോ സംസാരിക്കുന്നത് അവരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നാമം
ഉദാ: നീ, നിങ്ങൾ, താങ്കൾ, താൻ
3. പ്രഥമപുരുഷ സർവ്വനാമം - ആരെപ്പറ്റി അല്ലെങ്കിൽ എന്തിനെപ്പറ്റി പറയുന്നു ,അതിന് പകരം ഉപയോഗിക്കുന്ന നാമം
ഉദാ: അവൻ, അവൾ, അവർ, ഇവർ, അത് ., ഇത്, ഇവൻ, ഇവൾ
നാമങ്ങളെ സംബന്ധിച്ച് ഒരു ഏകദേശ ധാരണ ലഭിച്ചെന്ന് കരുതുന്നു.
നാളെ ക്രീയകളെ കുറിച്ച് പഠിക്കാം
ശുഭരാത്രി
ഏറ്റവും എളുപ്പമുള്ള ഭാഗമാണിത് .ഏറ്റവും ശ്രദ്ധയോടെ മനസിലാക്കി വയ്ക്കുക.
നന്ദി




പ്രീയമുള്ളവരേ.,

മലയാള വിഭാഗത്തിൽ നമുക്കിനി വിവിധ ശബ്ദ വിഭാഗങ്ങളേക്കുറിച്ച് പഠിക്കാം.

ശബ്ദത്തെ രണ്ടായി തിരിക്കാം.

1. ദ്യോതകം.
2. വാചകം.

ദ്യോതകം.
++++++++++++

ദ്യോതകം എന്നാൽ തനിച്ച് നിൽക്കുമ്പോൾ പ്രത്യേക അർത്ഥമില്ലാത്ത വാക്കുകളാണ്. രണ്ട് വാച്ചാർത്ഥങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ മാത്രം ഉപയോഗിക്കുന്നു.

ഉദാ: ഉം, എങ്കിൽ, ഓ, ഛേ ,കൊണ്ട്, പറ്റി മുതലായവ 

ഓ - അച്ഛനോ അമ്മയോ 
ഉം - അവളും അവനും
ഛേ - ഛേ., കഷ്ടം
എങ്കിൽ - അവൾ വന്നിരുന്നെങ്കിൽ കാണാമായിരുന്നു.
കൊണ്ട് - പേന കൊണ്ടെഴുതി.

വാചകം
=======
വാചകം അതിന്റെ സ്വഭാവമനുസരിച്ച് വീണ്ടും മൂന്നായി തിരിക്കാം.

നാമം , കൃതി അഥവാ ക്രീയ ,ഭേദകം.

ഇതിൽ നാമത്തെ കുറിച്ചാണ് ഇന്നത്തെ ക്ലാസ്സിൽ പറയുന്നത്. 

എന്താണ് നാമം ??

ഒരു  വസ്തുവിന്റെയോ വ്യക്തിയുടേയോ സ്ഥലത്തിന്റെയോ ക്രീയയുടേയോ പേരായ ശബ്ദമാണ് നാമം'

നാമത്തെ വീണ്ടും മൂന്നായി തിരിക്കുന്നു.

1. ദ്രവ്യനാമം
2. ഗുണ നാമം
3. ക്രീയാനാമം

1.ദ്രവ്യ നാമം - ഏതെങ്കിലും ഒരു വസ്തുവിന്റെ (ദ്രവ്യത്തിന്റെ ) പേരാണ് ഇത്. ജീവനുള്ള തോ ഇല്ലാത്ത തോ ആയ എന്തുമാകാമിത്.

ഉദാ: പശു, കേശവൻ., കാട്, അവൾ, പുഴ ,പന്ത്, കേരളം 

2. ഗുണ നാമം - ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണത്തെയോ സവിശേഷ സ്വഭാവത്തേയോ കാണിക്കുന്നതാണ് ഗുണ നാമം 

ഉദാ: സത്യസന്ധത, പരിശുദ്ധി ,വെളുപ്പ് ,സൗന്ദര്യം ,മിടുക്ക് 

3. ക്രീയ നാമം - ഒരു പ്രവർത്തിയുടെ പേരാണിത് 

ഉദാ: ചാട്ടം, ഓട്ടം, പറയുക, കാഴ്ച, പഠിപ്പ്, എഴുത്ത് 

ദ്രവ്യ നാമം  വീണ്ടും നാലായി തിരിയുന്നുണ്ട്. അത് അടുത്ത ക്ലാസ്സിൽ .

വ്യാകരണത്തിലെ ഏറ്റവും എളുപ്പമുള്ള ഭാഗമാണിത് .ഏറ്റവും ശ്രദ്ധയോടെ മനസിലാക്കി വയ്ക്കുക. 

============================






പാര്‍ട്ട് -1
പ്രിയമുള്ളവരേ.,
മലയാളം ക്ലാസുകള്‍ ആരംഭിക്കുകയാണ്. ഒരു കാര്യം ആദ്യമേ പറയെട്ടെ... നിങ്ങള്‍ ഏറ്റവും ലളിതമായി ഈ ക്ലാസുകളെ സമീപിക്കുക. നിങ്ങളെ ഒരു വ്യാകരവിദഗ്ദര്‍ ആക്കുക എന്നതല്ല ഞങ്ങളുടെ ലക്‌ഷ്യം., മറിച്ച് ,ഈ മേഖലയിലെ മുഴുവന്‍ മാര്‍ക്കും മേടിക്കാന്‍ പര്യാപ്തര്‍ ആക്കുക എന്നതാണ്. അതുകൊണ്ട് ഏറ്റവും ആവശ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമാണ് ഈ ക്ലാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അക്ഷരം .
എന്താണ് അക്ഷരം.?
നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ തന്നെ ഉച്ചരിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ശബ്ദ ഘടകമാണ് അക്ഷരം.
ഉദാഹരണം : ക , പ , മ
ഇത്തരം അക്ഷരങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്നതാണല്ലോ വാക്കുകള്‍..
മലയാളത്തില്‍ 51 അക്ഷരങ്ങള്‍ ഉണ്ട്
15 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളും ചേര്‍ത്താണ് 51 അക്ഷരങ്ങള്‍.
എന്താണ് സ്വരാക്ഷരങ്ങള്‍ ?
അ, ആ, ഇ , ഈ മുതല്‍ അം ,അഃ വരെയുള്ള 15 അക്ഷരങ്ങള്‍ ആണ് സ്വരാക്ഷരങ്ങള്‍ .
ഇതില്‍ 'അ' മുതല്‍ 'ഋ' വരെയുള്ള അക്ഷരങ്ങള്‍ സമാനാക്ഷരങ്ങള്‍ എന്നു അറിയപ്പെടുന്നു . ഇത് 7 എണ്ണം ഉണ്ട് . ' എ ' മുതല്‍ 'ഔ'വരെയുള്ളവ സന്ധ്യക്ഷരങ്ങള്‍ എന്നും അറിയപ്പെടുന്നു. ഇത് 6 എണ്ണം ഉണ്ട്. അം ,അഃ എന്നിവയും ചേര്‍ത്ത് ആകെ 15 എണ്ണം.
ഇനി വ്യഞ്ജനാക്ഷരങ്ങള്‍ എന്താണെന്ന് നോക്കാം .
ക മുതല്‍ റ വരെയുള്ള 36 അക്ഷരങ്ങള്‍ ആണ് വ്യഞ്ജനാക്ഷരങ്ങള്‍.
കുട്ടിക്കാലത്ത് ക, ച, ട, ത, പ എന്ന് പഠിച്ചത് ഓര്‍ക്കുന്നുണ്ടോ.?
അതായത്
ക, ഖ, ഗ ,ഘ , ങ = ഈ നിരയിലുള്ള അക്ഷരങ്ങള്‍ ക വര്‍ഗ്ഗം എന്നറിയപ്പെടുന്നു
ച,ഛ,ജ,ഝ,ഞ = ച വര്‍ഗ്ഗം
ട , ഠ, ഡ, ഢ, ണ = ട വര്‍ഗ്ഗം
ത, ഥ, ദ, ധ ,ന = ത വര്‍ഗ്ഗം
പ , ഫ , ബ ,ഭ, മ = പ വര്‍ഗ്ഗം
അങ്ങനെ 25 അക്ഷരങ്ങള്‍ ഉണ്ട്. ഈ 25 അക്ഷരങ്ങള്‍ വര്‍ഗ്ഗാക്ഷരങ്ങള്‍ എന്ന് അറിയപ്പെടുന്നു .
ശേഷിക്കുന്ന 11 അക്ഷരങ്ങളില്‍
യ, ര, ല , വ,ള ,ഴ , റ എന്നീ 7 അക്ഷരങ്ങള്‍ മധ്യമങ്ങള്‍ എന്നും
ശ, ഷ ,സ എന്നീ അക്ഷരങ്ങള്‍ ഊഷ്മാക്കള്‍ എന്നും
ഹ - ഘോഷി എന്നും അറിയപ്പെടുന്നു.
ഇത്രയും മനസ്സിലായല്ലോ.. ?
ഇനി ഉച്ചാരണ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി അക്ഷരങ്ങളെ താഴെ പറയും വിധം 7 ആയി തരം തിരിച്ചിട്ടുണ്ട്.
1.കണ്ഠ്യം - തൊണ്ട ഉപയോഗിച്ച് ഉച്ചരിക്കുന്നവ
ഉദാ : അ, ആ, ക വര്‍ഗ്ഗം, ഹ
2. താലവ്യം - അണ്ണാക്ക് ഉപയോഗിച്ച് -
ഉദാ : ഇ, ഈ, ച വര്‍ഗ്ഗം, യ, ശ
3.ഓഷ്ഠ്യം - ചുണ്ട് ഉപയോഗിച്-
ഉദാ : ഉ, ഊ, പ വര്‍ഗ്ഗം, വ
4.മൂർദ്ധന്യം - മൂര്‍ദ്ധാവ് ഉപയോഗിച്ച് -
ഉദാ : ഋ, ട വര്‍ഗ്ഗം, ര, ഷ, ള,ഴ ,റ
5.ദന്ത്യം - പല്ല് ഉപയോഗിച്ച് -
ഉദാ : ത വര്‍ഗ്ഗം, സ
6.വർത്സ്യം- മൂര്‍ദ്ധന്യത്തിനും ദന്ത്യത്തിനും ഇടയിലുള്ള ഭാഗത്ത് നാവ് തട്ടി ഉച്ചരിക്കുന്നവ -
ഉദാ : ല, റ്റ, ന
7.കണ്ഠോഷ്ഠ്യം - എ .ഏ . ഐ
കണ്ഠ താലവ്യം - ഒ, ഓ,ഔ
ഇത്രയും മനസ്സിലായെന്നു കരുതട്ടെ...
കൂടുതല്‍ പാഠങ്ങള്‍ അടുത്ത ക്ലാസില്‍ .. ഓര്‍ക്കുക ഇതാണ് ഭാഷയുടെ അടിസ്ഥാനം. അതിനാല്‍ അല്‍പ സമയം എടുത്താലും ഇത് പഠിക്കുക.

No comments:

Post a Comment