scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


Monday 12 December 2016

എങ്ങനെ പഠിക്കണം - സമയത്തെ മെരുക്കാം

പ്രീയമുള്ളവരേ,
കഴിഞ്ഞ ദിവസം ഒരു ട്രയൽ ടൈം ടേബിൾ തന്നിരുന്നു. ചിലരൊക്കെ ആ ടൈം ടേബിൾ അനുസരിച്ച് പഠനം തുടങ്ങിയിട്ടുണ്ട്. മറ്റു ചിലരാകട്ടെ ആ ടൈം ടേബിൾ അനുസരിച്ച് പഠിക്കാൻ തങ്ങൾക്ക് സമയം ലഭിക്കില്ല എന്ന പരാതിയാണ് ഉയർത്തിയിരിക്കുന്നത്. രസകരമായ വസ്തുത അവരൊന്നും ഈ ടൈം ടേബിൾ പ്രാവർത്തികമാക്കാൻ ചെറു ശ്രമം പോലും നടത്തിയിട്ടില്ല എന്നതാണ് . 11 മണിക്കൂർ ദിവസവും പഠനത്തിനായി മാറ്റി വയ്ക്കാൻ കഴിയില്ല എന്ന മുൻ ധാരണയോടു കൂടി അതിനെ സമീപിയ്ക്കുന്നതാണ് പ്രധാന പ്രശ്നം.

ഇനി വസ്തുത എന്താണെന്ന് നോക്കാം.
ആകെ ഒരു ദിവസത്തിലെ 24 മണിക്കൂറിൽ 11 മണിക്കൂർ ആണ് പഠനത്തിനായി ഷെഡ്യൂൾ ചെയ്തത്. ശേഷിക്കുന്നത് 13 മണിക്കൂറാണ്. അതിൽ നിന്നും ഉറങ്ങാനായി നീക്കി വച്ചിരിക്കുന്ന 5 മണിക്കൂർ കൂടി കുറച്ചാൽ 8 മണിക്കൂർ പിന്നെയുമുണ്ട്. പകൽ സമയത്താണ് ഈ 8 മണിക്കൂർ ബ്രേക്ക് ലഭിക്കുന്നത്. 8 മണിക്കൂർ കൊണ്ട് ചെയ്ത് തീർക്കാനാവാത്ത എന്ത് വീട്ടുജോലിയാണ് നിങ്ങൾക്കുള്ളത് ?
#ചോദ്യം വീട്ടമ്മമാരോടാണ്.
ഉറപ്പായും ഒരു ദിവസത്തെ വീട്ടുജോലികൾ ചെയ്തു തീർക്കാൻ 8 മണിക്കൂർ ഒട്ടുമേ വേണ്ട..
പിന്നെന്താണ് നിങ്ങളിൽ സംഭവിക്കുന്നത്.
പ്ലാനിംഗിന്റെ അഭാവം തന്നെ. വീട്ടുജോലികൾ സമയബന്ധിതമായി തീർക്കാൻ മറ്റൊരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന രീതികളിൽ കാതലായ മാറ്റം വരുത്തണം. ചിലത് ഒഴിവാക്കണം. അനാവശ്യ സമയനഷ്ടം ഒഴിവാക്കണം.

ചില നിർദ്ദേശങ്ങൾ പറയാം.

🔴 ഭക്ഷണം: - വീട്ടമ്മമാർക്ക് ഏറ്റവും കൂടുതൽ സമയം വേണ്ടിവരുന്ന ഒന്നാണ് ഭക്ഷണം പാകം ചെയ്യൽ..

🔹ചോറ് വയ്ക്കുമ്പോൾ അത്താഴത്തിനുള്ളതും കൂടി ചേർത്ത് ഒന്നിച്ച് വയ്ക്കുക.

🔹കറികളുടെ എണ്ണം കുറയ്ക്കുക. എളുപ്പത്തിൽ പാകം ചെയ്യാൻ കഴിയുന്ന കറികൾ ശീലമാക്കുക.

🔹 ഒന്നോ രണ്ടോ തരം അച്ചാറുകൾ ഇട്ട് സൂക്ഷിക്കുക. ചമ്മന്തിപ്പൊടിയും പരീക്ഷിക്കാം.

🔹 പപ്പടം മുറിച്ച് വറുത്ത് സൂക്ഷിക്കാം.

🔹 മീൻ കറി വച്ച് രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാം. മീൻ കറി പഴകും തോറും സ്വാദ് കൂടും. =D മീൻ വറുത്തും സൂക്ഷിക്കാം .

🔹 മുട്ടക്കറി, മുട്ട വറുത്തത് എന്നിവ എളുപ്പത്തിൽ ഉണ്ടാക്കാം.

🔹 ഒഴിച്ചു കറിയായി മോര്, രസം എന്നിവ പരീക്ഷിക്കാം .ഒരിക്കൽ ഉണ്ടാക്കിയാൽ മൂന്നാല് ദിവസം വരെ ഉപയോഗിക്കാം.

🔹 പ്രഭാത ഭക്ഷണത്തിന് ദോശ, ഇഡലി ,ചപ്പാത്തി ,പുട്ട് എന്നിവ വേഗത്തിൽ പാചകം ചെയ്യാം.

🔹കറിയായി ചമ്മന്തിയോ പഴമോ ഉപയോഗിക്കാം.

🔹 അരി അടുപ്പത്തിട്ടാൽ വേവാകുന്ന സമയത്തിനുള്ളിൽ തന്നെ കറിയും പ്രഭാത ഭക്ഷണവും തയ്യാറാക്കാം.

🔹 കുട്ടികൾക്ക് വൈകുന്നേത്തേക്ക് ബിസ്ക്കറ്റ്, ബ്രഡ്, ഏത്തപ്പഴം എന്നിവ കരുതുക.

പരമാവധി ഒന്നര മണിക്കൂർ കൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യണം. അൽപം വേഗത്തിലും ഉത്സാഹത്തിലും ചെയ്യണം. ആടി തൂങ്ങി നിന്ന് സമയം കളയരുത്.

ഇനിയും സമയം ശേഷിക്കുന്നുണ്ട്.

🔴 കുട്ടികളെ സ്കൂളിൽ വിടാനുള്ള കാര്യങ്ങൾ ഈ സമയത്ത് ചെയ്യാം. അവരുടെ യൂണിഫോം തലേന്ന് തന്നെ ഇസ്തരിയിട്ട് വയ്ക്കാൻ ശ്രദ്ധിക്കണം.

🔴 നിങ്ങളുടെ പ്രഭാതകൃത്യങ്ങൾക്ക് അനാവശ്യമായി സമയം കളയരുത് . പല്ല് തേക്കാനും കുളിക്കാനുമൊക്കെ പലരും ഒരുപാട് സമയം കൂടുതലായി എടുക്കുന്നുണ്ട്. അതെല്ലാം ഒഴിവാക്കണം.

🔴 ടെലിവിഷൻ കാണുന്നത് പരിപൂർണ്ണമായി നിർത്തണം. ഓരോ പ്രോഗ്രാമും അവസാനിക്കുന്നിടത്ത് നിന്നും അടുത്തത് തുടങ്ങി നമ്മെ പിടിച്ചിരുത്താനുള്ള തന്ത്രത്തിന് നിന്ന് കൊടുക്കരുത് .

🔴 മംഗളം, മനോരമ, വനിത തുടങ്ങിയ ആനുകാലികങ്ങൾ പരീക്ഷ കഴിയും വരെ കൈ കൊണ്ട് പോലും തൊടരുത്. അവർ കഥയാണ് പറയുന്നത് നമ്മളുടേത് ജീവിതവും .അത് മറക്കരുത്.

🔴 മിക്ക സ്ത്രീകളും വിവിധ അയൽക്കൂട്ടങ്ങളിലും വനിതാ സമാജങ്ങളിലുമൊക്കെ അംഗങ്ങളായിരിക്കും. സമുദായ സംഘടനകളുടെ കൂട്ടായ്മകൾ പ്രാർത്ഥനാ ഗ്രൂപ്പുകൾ എന്നിവ എല്ലാം അടങ്ങുന്ന ഇത്തരം സംഘങ്ങളിൽ നിന്നെല്ലാം പരീക്ഷാ കാലം വരെ അവധിയെടുക്കുക.

🔴 കല്യാണം ,പാലുകാച്ചൽ, മാമോദീസ, 28 കെട്ട്, വീട് കാഴ്ച ,ബന്ധുവീടുകളിലെ സൗഹൃദ സന്ദർശനങ്ങൾ, സിനിമ കാണൽ എന്നിവയെല്ലാം മാറ്റി വയ്ക്കുക. വീട്ടിൽ നിന്ന് മറ്റാരെങ്കിലും പങ്കെടുക്കും. ചിലർ പിണങ്ങിയേക്കാം. കാര്യമാക്കണ്ട. അതെല്ലാം താൽക്കാലികം മാത്രമായിരിക്കും.

🔴 ദീർഘനേരമുള്ള ഫോൺ വിളി , ചാറ്റ് എന്നിവ ഉറപ്പായും ഒഴിവാക്കണം. കാര്യമാത്ര പ്രസക്തമായ കാര്യങ്ങൾ പറഞ്ഞ് എത്രയും വേഗം അവസാനിപ്പിക്കുക.

🔴 മറ്റുള്ളവരുടെ കാര്യങ്ങളിൽ (അയൽക്കാർ, ബന്ധുക്കൾ ) അനാവശ്യമായി ഇടപെടരുത്. പരദൂഷണത്തിനും കുന്നായ്മ പറച്ചിലിനും ചെവി കൊടുക്കരുത്.

ഇത്രയും കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചാൽ പഠിക്കാനാവശ്യമായ സമയം ഉറപ്പായും കണ്ടെത്താം.

🔴 വീട്ടുജോലികളിലും കുട്ടികളെ കുളിപ്പിക്കുക, സ്കൂളിൽ പോകാനായി ഒരുക്കുക, അവർക്ക് പാഠഭാഗങ്ങൾ പറഞ്ഞു നൽകുക. തുടങ്ങിയ കാര്യങ്ങൾക്ക് പങ്കാളിയുടേയും വീട്ടിലെ മറ്റ് അംഗങ്ങളുടേയും സഹായം തേടുക.

🔴 കുടുംബത്തിലെ അംഗങ്ങളുമായി വിശിഷ്യാ ഭർത്താവിന്റെ അമ്മയുമായി നല്ല ബന്ധം നിലനിർത്തുക.

🔴 ടെലിവിഷൻ, മാസികകൾ, സിനി പൊതുപരിപാടികൾ, അയൽക്കൂട്ടം, സാമൂഹ്യ- സന്നദ്ധ  - സമുദായ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കാൻ പറയാനുള്ള പ്രധാന കാരണം അതിനു വേണ്ടി ചെലവഴിക്കുന്ന സമയം മാത്രം കണക്കിലെടുത്തല്ല, മറിച്ച് അത് നമ്മുടെ ശ്രദ്ധയെയും ഏകാഗ്രതയേയും പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ടും പിന്നീടും ഏറെ സമയത്തേക്ക്  മാനസികമായി നമ്മെ പിന്തുടരും എന്നതുകൊണ്ടുമാണ്.

🔴 ഒരു കാര്യം വിട്ടു പോയി.നിലവിൽ ചില ചെറിയ കോഴ്സുകൾ പഠിക്കുന്നവർ ഉണ്ട്. ഡി.റ്റി.പി, തയ്യൽ, ഫോട്ടോഷോപ്പ്, കമ്പ്യൂട്ടർ ക്ലാസ്സുകൾ, ഡ്രൈവിംഗ് അങ്ങനെ ചിലത്. കഴിവതും പരീക്ഷ കഴിയും വരെ അതിൽ നിന്ന് വിട്ടു നിൽക്കുക. ക്ലാസ്സ് സമയം മാത്രമല്ല നമുക്ക് നഷ്ടമാകുന്നത് , അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര, ഒരുക്കം, ഡ്രസ് ഇസ്തരിയിടൽ തുടങ്ങി ഒരു പാട് സമയം നഷ്ടമാകും. ഒപ്പം യാത്രാ ക്ഷീണവും ആ പഠനഭാരവും. ചിന്തിച്ച് ചെയ്യുക. അതൊക്കെ ഇത് കഴിഞ്ഞും ആകാം.

പ്രിയരേ.,
വിജയത്തിന്റെ കാര്യത്തിൽ കുറുക്കുവഴികളോ സുഖകരമായ രാജവീഥികളോ ഇല്ല. ഇടുങ്ങിയതും പരുക്കനും മിനുസമില്ലാത്ത ദീർഘവുമായ പ്രയാസം നിറഞ്ഞ പാതകളേ ഉള്ളൂ..
ജീവിതമെന്നാൽ പോരാട്ടം എന്നുകൂടിയാണ് അർത്ഥം. കീഴടങ്ങൽ മരണവുമാണ്.
ജീവിതത്തെ ഭയപ്പെടരുത് ..
നിങ്ങൾ എന്ത് ചോദിച്ചാലും ജീവിതം തരും.
പക്ഷേ.,
ഉറച്ച വിശ്വാസത്തോടെ നടപ്പിലാക്കുമെന്ന ഉറച്ച തീരുമാനത്തോടെ ചോദിക്കണം.
ഈ വിജയത്തിനായി..
നിങ്ങൾ സ്വയം സമർപ്പിക്കൂ.....
വിജയം നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.

ഹൃദയാഭിവാദനങ്ങളോടെ,
അഡ്മിൻ ടീം

1 comment: